National
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്നു നീക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷനീക്കം. ഭരണഘടനയുടെ 94 (സി) അനുച്ഛേദ പ്രകാരം സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനാണു ശ്രമം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രണ്ടാം ഘട്ടത്തില്‍ പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയേക്കും. ഇതിനായുള്ള ഒപ്പുശേഖരണം ആരംഭിച്ചതായാണു സൂചന. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ പ്രമേയാവതരണത്തിനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനായിരിക്കും കൈമാറുക.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ ബജറ്റ് സമ്മേളന കാലാവധി മുഴുവനും സസ്പെൻഡ് ചെയ്തു, പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച വനിതാ എംപിമാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന തെറ്റായ പ്രചാരണം സഭയില്‍ നടത്തി തുടങ്ങിയ ആരോപങ്ങളാണു സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതോടൊപ്പം സഭാനടപടികള്‍ ലംഘിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ നടപടിയെടുക്കാത്തതും സ്പീക്കറുടെ ഏകപക്ഷീയ നിലപാടായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന പ്രതിപക്ഷാംഗങ്ങളുടെ യോഗത്തിലാണ് സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയിലെ എംപിമാർക്കുപുറമെ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ലോക്സഭയില്‍ പ്രതിപക്ഷം ആദ്യമായാണു സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നത്. മുന്‍ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറിയിരുന്നു.
എന്നാല്‍, പ്രമേയ അവതരണത്തിന് 14 ദിവസം മുമ്പല്ല പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭൂരിപക്ഷ അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ ലക്ഷ്യം വയ്ക്കുന്ന അവിശ്വാസപ്രമേയം പാസാകില്ല. സ്പീക്കറുടെ ഏകപക്ഷീയ നടപടിക്കെതിരേ പ്രതിഷേധം അറിയിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.
National
ന്യൂഡൽഹി: ജനാധിപത്യസ്ഥാപനങ്ങളുടെ പ്രസക്തി ജനങ്ങളെ സേവിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യതയുള്ളതും പൗരന്മാരോട് പൂർണ ഉത്തരവാദിത്വമുള്ളതുമാകുന്പോൾ പാർലമെന്റുകൾക്ക് നിലനിൽക്കാനും പൊതുജനവിശ്വാസം നേടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.